2021 ജൂൺ 28, തിങ്കളാഴ്‌ച

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാം ?

 എങ്ങനെയെന്ന് അറിയാം...

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും.

പാസ്പോർട്ട് നമ്പർ എങ്ങനെ ചേർക്കാം:

1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

2. മുകളിലുള്ള Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക

3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അഥവാ പാസ്പോർട്ടിലെ പേരും സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കിൽ ഇതു തിരുത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. നേരത്തെ ചെയ്തതിന് സമാനമായി Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് കറക്ഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പേര് ശരിയാക്കാം. അതേസമയം ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നൽകുന്ന വിവരങ്ങൾ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതർ ട്വീറ്റ് ചെയ്തു.


കാലാവധി തീരുന്നതിന് മൂന്നു ദിവസം മുൻപ് ഇഖാമ പുതുക്കണം ?

റിയാദ് : സൗദിയിലെ സ്ഥിര താമസരേഖ (ഇഖാമ) കാലാവധി തീരുന്നതിന്റെ മൂന്ന് ദിവസം മുൻപ് പുതുക്കണമെന്ന് സൗദി പാസ്പോർട് വിഭാഗം ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. മുഴുവൻ താമസക്കാരും ഇഖാമയുടെ സാധുത നഷ്‌ടപ്പെടുന്നതിന് മുമ്പേ പുതുക്കേണ്ടതിന്റെ പ്രാധാന്യവും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷയായിരിക്കും ഫലമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ കാലാവധി തീരുന്നതിന് ശേഷവും മൂന്നു ദിവസത്തെ ഇളവ് ലഭിച്ചിരുന്നു, ഈ ആനുകൂല്യമാണ് ഇപ്പോൾ നഷ്ടമാകുന്നത്.  


ഇഖാമ പുതുക്കുന്നത് ആദ്യ തവണ ലംഘിച്ചാൽ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ ഇത് ഇരട്ടിച്ച് 1000 റിയാലും മൂന്നാമതും ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷയും ലഭിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' ആപ്ലികേഷൻ വഴിയോ 'മുഖീം' പോർട്ടൽ മുഖേനയോ ഇഖാമയുടെ കാലാവധി പരിശോധിക്കാനും പുതുക്കാനും കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു . 

ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ മുഖീം പോർട്ടലിൽ ഇഖാമ ഡെലിവറി സേവനവും ലഭ്യമാണെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ പുതുതായി ഇഷ്യു ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ സ്‌പോൺസർഷിപ് മാറുമ്പോഴോ തൊഴിൽ പരിഷ്ക്കരിക്കുമ്പോഴോ 'ഡോക്യുമെന്റ് ഡെലിവറി' സേവനം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ മരുന്ന് കുറിപ്പടി കരുതണമെന്ന് ഒമാൻ പോലീസ് ?

മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്ബോള്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതല്‍ ഉള്ള ചില ഔഷധങ്ങള്‍ക്ക് ഒമാനില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാന്‍ ആവശ്യപ്പെടുന്നതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

2021 ജൂൺ 26, ശനിയാഴ്‌ച

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് ?

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച് യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണെന്നും പ്രോട്ടോക്കോളുകളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്സിന്റെ വിശദീകരണത്തില്‍ പറയുന്നു. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

2021 ജൂൺ 24, വ്യാഴാഴ്‌ച

കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 

വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 

പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. 

ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും. 

2021 ജൂൺ 21, തിങ്കളാഴ്‌ച

പ്രവാസികൾക്ക് ആശ്വാസം ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും.

റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന നടപടികളുമായി സഊദി അറേബ്യ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും. തവക്കൽന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ മിക്ക അറബ് രാജ്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. കൂടാതെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, അമേരിക്ക, മാലിദ്വീപ് തുടങ്ങി 75 രാജ്യങ്ങളിലാണ് തവക്കൽന സേവനം ലഭ്യമാകുക.

പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി. !!

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.