2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

സൗദിയിൽ ആഗസ്​റ്റ്​ 29 മുതൽ സ്​കൂളുകൾ തുറക്കുന്നു; ഒരുക്കങ്ങൾക്കായി അധ്യാപകരെത്തി !!

ജിദ്ദ: സൗദിയിലെ ​പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർ മീഡിയറ്റ്​, സെക്കൻഡറി സ്​കൂളിൽ അധ്യാപകർ ഇന്നലെ മുതൽ എത്തി തുടങ്ങി. കോവിഡിനെ തുടർന്ന്​ ഒന്നര വർഷത്തോളം അടച്ചിട്ട സ്​കൂളുകൾ ആഗസ്​റ്റ്​ 29 ഞായറാഴ്​ച മുതൽ തുറക്കാൻ പോകുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ്​​ ഒരാഴ്​ച മുമ്പ്​ അധ്യാപകർ സ്​കൂളുക​ളിലെത്തിയത്​. ആഗസ്​റ്റ്​ 22 ഞായറാഴ്​ച മുതൽ അധ്യാപകർ സ്​കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു.

ചില സ്​കൂളിൽ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകിയാണ്​ സ്വീകരിച്ചത്​. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ്​ സ്​കൂളുകൾ തുറക്കാൻ ഒരുങ്ങുന്നത്​. രാജ്യത്തെ മുഴുവൻ മേഖലയിലെയും സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർ മീഡിയറ്റ്​, സെക്കന്ററി സ്​കൂളുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കേണ്ട പ്രോട്ടോക്കോളുകൾ സംബന്ധിച്ച അറിയിപ്പ്​ കഴിഞ്ഞ ദിവസം വിദ്യാഭ്യസ മന്ത്രി പുറപ്പെടുവിച്ചിരുന്നു.

സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ സ്​കൂളുകൾ തുറക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ്​ ഇബ്​തിസാം ശഹ്​രി പറഞ്ഞു. മാസ്​കുകൾ, തെർമൽ കാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്​. ജീവനക്കാരുടെയും അധ്യാപകരുടെയും തിരിച്ചുവരവ്​ സുരക്ഷിതമാക്കാൻ ആരോഗ്യമന്ത്രാലയവും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) യുമായി പൂർണമായ സഹകരണമുണ്ടെന്നും വിദ്യാഭ്യസ മന്ത്രാലയ വക്താവ്​ പറഞ്ഞു.

ജീവനക്കാർ, അധ്യാപകർ, 12 വയസ്സിൽ കൂടുതലുള്ള വിദ്യാർഥികൾ എന്നിവർക്ക്​ സ്​കൂളുകളിൽ ഹാജരാകുന്നതിന്​ രണ്ട്​ ഡോസ്​ വാക്സിനെടുത്തിരിക്കണമെന്ന്​ നിബന്ധന നിശ്ചയിച്ചിട്ടുണ്ട്​. വാക്​സിനെടുക്കാത്തവരെ സ്​ക്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അവരെ ഹാജരില്ലാത്തവരായി കണക്കാക്കുമെന്നും വക്താവ്​ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ