2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി !!

ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി.

അൽ ഖൗദിലെ അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. സെപ്റ്റംബർ 25-ന് വൈകീട്ടാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

അൽ ഖൗദിൽ അൽ ശബാബ് സ്ട്രീറ്റിൽ നിന്ന് അൽ ബറാകത്ത് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്സിറ്റാണ് ഇത്തരത്തിൽ അടച്ചിടുന്നത്. സെപ്റ്റംബർ 25 മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ഈ മേഖലയിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കായാണ് ഈ റൗണ്ട്എബൗട്ട് എക്സിറ്റ് അടച്ചിടുന്നത്.

ഖത്തറിലെ യാത്രാ മാര്‍ഗങ്ങളെല്ലാം ഒറ്റ ഫ്രെയിമില്‍, 'സില'യുമായി ഗതാഗത മന്ത്രാലയം. ?

ഖത്തറിനകത്തെ മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഒറ്റ നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ സംവിധാനമാണ് 'സില'. മൊബൈല്‍ ആപ്പും വെബ്സൈറ്റുമെല്ലാം കൂടിയതാണ് സില നെറ്റ്വര്‍ക്ക്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്സി, ട്രാം തുടങ്ങി സര്‍വീസുകളെല്ലാം സില വഴി ആളുകള്‍ക്ക് ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്സ്, മുവാസലാത്ത്, ഖത്തര്‍ ഫൌണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പുതിയ നെറ്റ്വര്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ സിലയുടെ ആപ്പ് പുറത്തിറങ്ങും. ഖത്തറില്‍ യാത്രക്കാരന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സില ആപ്പ് നിങ്ങളെ സഹായിക്കും. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന പൊതുയാത്രാ സംവിധാനങ്ങള്‍ അതായത് ഏറ്റവുമടുത്തുള്ള മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, മെട്രോ ട്രെയിന്‍ ടൈം ടേബിള്‍, ബസ് സമയം, എളുപ്പത്തിലുള്ള റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ആപ്പ് വഴി കണ്ടെത്താം.

സില എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ബന്ധിപ്പിക്കുന്നത് എന്നാണ്. ജനങ്ങളുടെ ജോലി, കുടുംബം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ടും സ്ഥിരതയോടെയുമുള്ള യാത്രാ മാര്‍ഗങ്ങളൊരുക്കുകയാണ് സിലയുടെ ലക്ഷ്യമെന്ന് MOTC സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ത്താനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ ?

♦️വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്.

♦️യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി.

ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ. യു.എ.ഇയുടെ അമ്പതാം വാർഷികാഘോഷ ഭാഗമായാണ് പുതിയ വിസകൾ ഉൾപ്പെടെ 50 പുതിയ പദ്ധതികളുടെ പ്രഖ്യാപനം. 

വാർത്താ സമ്മേളനത്തിൽ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അൽ സുവൈദിയാണ് പ്രഖ്യാപനം നടത്തിയത്.

നിക്ഷേപകർ, വ്യവസായ വാണിജ്യ സംരംഭകർ, മറ്റ് പ്രത്യേക വൈദഗ്ധ്യമുള്ള സംരംഭകർ എന്നിവർക്കാണ് ഗ്രീൻ വിസ അനുവദിക്കുക. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 

നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്. 

അതേസമയം സ്വതന്ത്ര ബിസിനസ് ചെയ്യുന്ന ഉടമകൾക്കും, സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഫ്രീലാൻസ് വിസ അനുവദിക്കും. 

വ്യവസായ മേഖലയുടെ വികാസം ലക്ഷ്യമിട്ട് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിന് 5 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം അനുവദിച്ചു. യു.എ.ഇ പൗരന്മാർക്ക് പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് 1.36 ബില്യൺ ഡോളർ അനുവദിക്കും. 

പ്രതിവർഷം 40 ബില്യൺ ദിർഹത്തിന്റെ മൂല്യമുള്ള 8 ആഗോള വിപണികളിൽ ആഗോള സാമ്പത്തിക കരാറിനും തുടക്കം കുറിക്കും. ടെക് ഡ്രൈവ് പദ്ധതിക്കായി മൊത്തം 5 ബില്യൺ ദിർഹം അനുവദിക്കും. 

550 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം ആഗോള നിക്ഷേപ ഉച്ചകോടി നടത്താനും യു.എ.ഇ തീരുമാനിച്ചു.


2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി.

 രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. സെപ്റ്റംബർ 10-ന് രാത്രിയാണ് ജവാസത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ് വിസ, റീ-എൻട്രി വിസ മുതലായവയുടെ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ നിലവിൽ സൗദിയ്ക്ക് പുറത്തുള്ള വിസിറ്റ് വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.

ഇത്തരം വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജവാസത്ത് സ്വയമേവ ആരംഭിച്ചതായും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുന്നതാണ്.

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.

ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. ?

 ബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റാണ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും.

20 ദിര്‍ഹം വിലവരുന്ന പാസ്‌പോര്‍ട്ട് എക്‌സ്‌പോ വേദിക്ക് ചുറ്റുമുള്ള സ്‌റ്റോറുകളിലും ലഭ്യമാണ്. 1967ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്‌പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്.