2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഖത്തറിലെ യാത്രാ മാര്‍ഗങ്ങളെല്ലാം ഒറ്റ ഫ്രെയിമില്‍, 'സില'യുമായി ഗതാഗത മന്ത്രാലയം. ?

ഖത്തറിനകത്തെ മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഒറ്റ നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ സംവിധാനമാണ് 'സില'. മൊബൈല്‍ ആപ്പും വെബ്സൈറ്റുമെല്ലാം കൂടിയതാണ് സില നെറ്റ്വര്‍ക്ക്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്സി, ട്രാം തുടങ്ങി സര്‍വീസുകളെല്ലാം സില വഴി ആളുകള്‍ക്ക് ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്സ്, മുവാസലാത്ത്, ഖത്തര്‍ ഫൌണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പുതിയ നെറ്റ്വര്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ സിലയുടെ ആപ്പ് പുറത്തിറങ്ങും. ഖത്തറില്‍ യാത്രക്കാരന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സില ആപ്പ് നിങ്ങളെ സഹായിക്കും. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന പൊതുയാത്രാ സംവിധാനങ്ങള്‍ അതായത് ഏറ്റവുമടുത്തുള്ള മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, മെട്രോ ട്രെയിന്‍ ടൈം ടേബിള്‍, ബസ് സമയം, എളുപ്പത്തിലുള്ള റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ആപ്പ് വഴി കണ്ടെത്താം.

സില എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ബന്ധിപ്പിക്കുന്നത് എന്നാണ്. ജനങ്ങളുടെ ജോലി, കുടുംബം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ടും സ്ഥിരതയോടെയുമുള്ള യാത്രാ മാര്‍ഗങ്ങളൊരുക്കുകയാണ് സിലയുടെ ലക്ഷ്യമെന്ന് MOTC സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ത്താനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ