കുറെ വർഷങ്ങൾക്കു മുൻപു സൗദിയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നപ്പോൾ എൻആർഇ അക്കൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ബഹ്റൈനിൽ ജോലി ശരിയായിട്ടുണ്ട്. പ്രവാസികൾക്കു നാട്ടിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനെയും ഇടപാടുകൾ നടത്തുന്നതിനെയും സംബന്ധിച്ചു വ്യക്തമാക്കാമോ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളിൽപുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്കനുസൃതമായാണു പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച നിബന്ധനകൾ. തീർച്ചപ്പെടുത്താനാവാത്ത കാലത്തേക്കു ജോലിചെയ്യുന്നതിനും വ്യാപാരാവശ്യങ്ങൾക്കും വിദേശരാജ്യങ്ങളിൽ പോയി താമസിക്കുന്നവരെയാണു പ്രധാനമായും പ്രവാസികളായി കണക്കാക്കുക. ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്തവർഷം പ്രവാസിയായി കണക്കാക്കും.
നോൺ റസിഡന്റ് എക്‌സ്റ്റേണൽ അഥവാ എൻആർഇ അക്കൗണ്ട്, നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ട് എന്നിവയാണു പ്രവാസികൾക്ക് ഇന്ത്യയിൽ തുടങ്ങാവുന്ന അടിസ്ഥാന ബാങ്ക് അക്കൗണ്ടുകൾ. അച്ഛൻ, അമ്മ, ഭാര്യ തുടങ്ങി നാട്ടിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളുടെ പേരിൽ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകളിൽ പ്രവാസികളുടെ പേരുകൂടി ചേർക്കുന്നതിന് ഇപ്പോൾ അനുവദിക്കുന്നുണ്ട്.
എൻആർഇ അക്കൗണ്ടുകൾ
പ്രവാസികളായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ തുടങ്ങാവുന്നതും ഇന്ത്യൻ രൂപയിൽ നിലനിർത്തുന്നതുമായ അടിസ്ഥാന സേവിങ്സ് സ്ഥിര നിക്ഷേപങ്ങളാണ് എൻആർഇ അക്കൗണ്ടുകൾ. വിദേശത്തു വരുമാനമായി കിട്ടുന്ന അംഗീകൃത കറൻസികളിൽ എൻആർഇ അക്കൗണ്ടിലേയ്ക്കു നേരിട്ടു പണം അയയ്ക്കാം. അവധിക്കും മറ്റും ഇന്ത്യയിൽ എത്തുമ്പോൾ വിദേശനാണയമായും ട്രാവലേഴ്‌സ് ചെക്കായും കൈയ്യിൽ കൊണ്ടുവരുന്ന തുകയും എൻആർഇ അക്കൗണ്ടിൽ വരവുവച്ചു നൽകും. ഇന്ത്യയിലുള്ള എൻആർഇ.
അക്കൗണ്ടുകളിൽ നിന്നോ നോൺ റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകളിൽനിന്നോ പണം മറ്റ് എൻആർഇ അക്കൗണ്ടുകളിലേക്കു മാറ്റുകയുമാകാം. നിക്ഷേപങ്ങൾക്കു പലിശ ലഭിക്കുമെങ്കിലും ആദായനികുതി നൽകേണ്ടതില്ല. അക്കൗണ്ടിൽ ഇന്ത്യൻ രൂപ അടയ്ക്കാൻ സാധിക്കില്ലെങ്കിലും അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന നിക്ഷേപവും പലിശയും എപ്പോൾ വേണമെങ്കിലും വിദേശത്തേക്കു പിൻവലിക്കാം. നാട്ടിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളിൽ ഒരാളെ അക്കൗണ്ടിൽ ചേർക്കാമെങ്കിലും ഇന്ത്യയിൽ നടത്തുന്ന ഇടപാടുകൾ നടത്തുന്നതിനു മാത്രമേ അവർക്ക് ബാങ്കുകൾ എടുക്കുന്ന പവർ ഓഫ് അറ്റോർണി വഴി അധികാരമുള്ളൂ.
എൻആർഒ അക്കൗണ്ടുകൾ
വിദേശത്തേക്കു താമസം മാറ്റുന്നതിനു മുൻപായി ഇന്ത്യയിൽ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ടുകളായി മാറ്റണം. സേവിങ്സ് അക്കൗണ്ടായും സ്ഥിര നിക്ഷേപമായും തുടങ്ങാവുന്ന എൻആർഒ. അക്കൗണ്ടുകളും ഇന്ത്യൻ രൂപയിലാണു നിലനിർത്തുന്നത്. ഇന്ത്യയിൽനിന്നു വിവിധ മാർഗങ്ങളിലൂടെ പ്രവാസികൾക്കു ലഭിക്കുന്ന വാടക തുടങ്ങി ഇന്ത്യൻ രൂപയിൽ ലഭിക്കുന്ന തുകകൾ എൻആർഒ അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.
എൻആർഒ അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നൽകണം. ഇന്ത്യയിലെ ചെലവുകൾക്കു പണം യഥേഷ്ടം പിൻവലിക്കാമെങ്കിലും നിയന്ത്രണങ്ങൾക്കു വിധേയമായി വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്തു പിൻവലിച്ചു കൊണ്ടുപോകാവുന്ന തുക 10 ലക്ഷം യുഎസ് ഡോളറിനു തുല്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയിൽനിന്നു പ്രവാസിക്കു ലഭിച്ച വരുമാനങ്ങൾക്ക് ആദായ നികുതി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇത് അനുവദിക്കൂ.
ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ
എഫ്സിഎൻആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ വിദേശ കറൻസികളിൽ തുടങ്ങാവുന്ന സ്ഥിരനിക്ഷേപങ്ങളാണ്. യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിങ്, യുറോ, ജാപ്പനീസ്, ഓസ്‌ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ എന്നിങ്ങനെ ആറു വിദേശ കറൻസികളിൽ 12 മുതൽ 60 മാസം വരെയുള്ള നിക്ഷേപങ്ങൾ തുടങ്ങാം. വിദേശത്തുനിന്നു നേടിയ പണമാണ് അക്കൗണ്ടിൽ സ്വീകരിക്കുക. നിക്ഷേപത്തിലെ മുതലും പലിശയും പൂർണമായും വിദേശത്തേക്കു പിൻവലിക്കാം. നിക്ഷേപത്തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.
റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട്
ഇന്ത്യയിലേയ്ക്കു തിരിച്ചു വന്നു താമസിക്കുന്ന പ്രവാസികൾക്കു തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായിത്തന്നെ സൂക്ഷിക്കാവുന്നവയാണ് റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകൾ. നിക്ഷേപങ്ങൾക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടെന്നു മാത്രമല്ല 7 വർഷം വരെ വെൽത്ത് ടാക്‌സും ഒഴിവാക്കിയിട്ടുണ്ട്. പിൽക്കാലത്തു വിദേശത്തേക്കു മടങ്ങുമ്പോൾ അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുക എൻആർഇ, എഫ്സിഎൻആർ തുടങ്ങിയ അക്കൗണ്ടുകളിലേക്കു മാറ്റാവുന്നതുമാണ്.
നാട്ടിലുള്ളവരുടെ അക്കൗണ്ടിൽ പേരു ചേർക്കാം.