2022, ഡിസംബർ 1, വ്യാഴാഴ്‌ച

സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കും.

സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന്  പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കും. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴിയാണ് പേഴ്‌സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും. ഇതിനു ശേഷം ക്ഷണിക്കപ്പെടുന്നവര്‍ എന്‍ട്രി വിസാ അപേക്ഷ പൂരിപ്പിച്ച് വിസാ പ്ലാറ്റ്‌ഫോം വഴി ഫീസുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിരക്കും അടച്ച് അപേക്ഷയും പാസ്‌പോര്‍ട്ടും തങ്ങളുടെ രാജ്യങ്ങളിലെ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും.

2022, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ലോകകപ്പ് ഫുട്‌ബോള്‍ വീക്ഷിക്കാന്‍ ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വിസ സൗജന്യം.

 ലോകകപ്പ് ഫുട്‌ബോള്‍ വീക്ഷിക്കാന്‍ ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വിസ സൗജന്യം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കുന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കാണ് സൗദി അറേബ്യ സൗജന്യ വിസകള്‍ അനുദിക്കുക. വിദേശ മന്ത്രാലയത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

സൗദിയിലെ വിദേശ തൊഴിലാളികളുടെ സ്പോണ്സർഷിപ്പ്


സൗദിയിൽ സ്‌പോണ്‍സര്‍മാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി ഫീസുകൾ അടക്കാതെ തന്നെ തൊഴിലാളികൾക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇത്തരം കുടിശികകൾ പഴയ സ്പോണ്‍സറുടെ പേരിൽ തന്നെ നിലനിര്‍ത്തും. തൊഴിൽ പരിവർത്തന പദ്ധതിയുടെ രണ്ടാംഘട്ട ഭേദഗതിയിലാണ് മന്ത്രാലയത്തിൻ്റെ പുതിയ പ്രഖ്യാപനം. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

സ്പോണ്‍സർമാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി തുടങ്ങിയവ അടച്ച് തീർക്കാതെ തന്നെ വിദേശ തൊഴിലാളികൾക്ക് സ്പോണ്‍സർഷിപ്പ് മാറാമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ സൗകര്യം വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ തൊഴിൽ ചട്ടങ്ങളിലെ പുതിയ പരിഷ്കാരമനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതനുസരിച്ച് സ്പോണ്‍സര്‍മാര്‍ ഇഖാമ പുതുക്കി നൽകാത്ത തൊഴിലാളികൾക്ക് സ്വന്തംനിലയിൽ തൊഴില്‍മന്ത്രാലയത്തിന്‍റെ 'ഖിവ' പോർട്ടലിൽ പ്രവേശിച്ച് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തൊഴിലാളി സ്‌പോൺസർഷിപ്പ് മാറുന്നതോടെ നേരത്തെ ഉണ്ടായിരുന്ന മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്പോൺസർ തന്നെ അടക്കേണ്ടിവരും.


സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തിന്‍റഫെ ഖിവ പോർട്ടൽ വഴി തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഖിവ പോർട്ടൽ വഴി തൊഴിലാളി ഈ അപേക്ഷ സ്വീകരിക്കുന്നതോടെ സ്പോണ്സർഷിപ്പ് മാറ്റം സാധ്യമാകും. പഴയ തൊഴിലുടമ വരുത്തിയ കുടിശ്സികഅദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഇതിനായി ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്. സ്പോണ്സർമാർ ലെവി കുടിശ്ശിക അടക്കാത്തതിനാലും ഇഖാമ പുതുക്കി നൽകാത്തതിനാലും വർഷങ്ങളായി നാട്ടിലേക്ക് പോകാനാകാതെയും തൊഴിൽ മാറാനാകാതെയും പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.

2022, ജൂൺ 28, ചൊവ്വാഴ്ച

യു എ ഇ പ്രവാസികളുടെ അറിവിലേക്ക് ?

ശ്രദ്ധിക്കുക 

പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടില്ലെങ്കിൽ (ഇപ്പോൾ പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നില്ല) നാട്ടിൽ പോയി വരുമ്പോൾ എമിറേറ്റ്സ് ഐഡി ഒറിജിനൽ നാട്ടിലെ എയർപോർട്ടിൽ കാണിക്കണം. ഇല്ലെങ്കിൽ യുഎഇയിലേക്ക് വരാൻ അനുവദിക്കുന്നില്ല.മൊബൈൽ ആപ്ലിക്കേഷനിൽ ഉള്ളത് കാണിച്ചാൽ മതിയാവുകയില്ല.

കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു ?

കുവൈത്തിലേക്ക് കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. വിസാ നടപടികള്‍ക്കായി പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. അതേ സമയം വാണിജ്യ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നാണ് സൂചന.