ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.
പച്ചക്കറികൾ
പാവല്‍
കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.
ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.
ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.
ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.
ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.
ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.