2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഒരപകടം: തിരികെ മടങ്ങുമ്പോള്‍ ?

ഗള്‍ഫ് നാടുകളില്‍ കിടന്ന് കഷ്ടപ്പെട്ട് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കണം. തിരിച്ചു പോകുന്ന നിങ്ങളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ നിങ്ങള്‍ക്ക് തിരിച്ചു പോകണമെങ്കില്‍ കുറച്ച് ജാഗ്രത പാലിക്കേണ്ടതാണ്. കൈനിറയെ സാധനങ്ങളുമായിട്ടാണ് എല്ലാവരും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നത്.
അവധി ആഘോഷിച്ച് ഗള്‍ഫിലേക്ക് മടങ്ങുമ്പോഴും കൈനിറയെ സാധനങ്ങള്‍ കാണാം. എന്നാല്‍, നിങ്ങള്‍ എന്തൊക്കെയാണ് കൊണ്ടു പോകുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരികെ മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കോ, അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന മറ്റു അപരിചിതര്‍ക്കോ നല്‍കാനായി തന്നു വിടുന്ന പൊതികളില്‍ നിരോധിത മയക്കു മരുന്നുകളും കഞ്ചാവും പോലുള്ളവ ഒളിപ്പിച്ചു വയ്ക്കുന്നു. നന്നായി പൊതിഞ്ഞു സീല്‍ ചെയ്താവും മിക്കവരും നിങ്ങളെ ഓരോ സാധനങ്ങള്‍ ഏല്‍പ്പിക്കുന്നത്.
നാട്ടിലെ വിമാനത്താവളത്തില്‍ വെച്ചോ ചെന്നിറങ്ങുന്നിടത്തോ വെച്ച് പിടിച്ചാല്‍ കുടുങ്ങുന്നത് നിങ്ങള്‍ മാത്രം. പിടിച്ചില്ലങ്കില്‍ അതിന്റെ ലാഭം മറ്റുള്ളവര്‍ക്ക്. നിങ്ങളറിയാതെ നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത കള്ളക്കടത്തുകാരായി മാറുന്നു. മറ്റുള്ളവരെ സഹായിച്ച് ഒടുക്കം ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയിലേക്കെത്തരുത്. അതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.അപരിചിതരുമായി നിന്നും ഇത്തരം പാഴ്സല്‍ സര്‍വീസ് ഏര്‍പ്പാട് ഒരു കാരണവശാലും നടത്തരുത്.

2. അപരിചിതര്‍ക്ക് വേണ്ടി ഒരു സാധനവും വിദേശങ്ങളിലേക്ക് കൊണ്ടുപോകരുത്.
3. എത്ര പരിചയക്കാരാണെങ്കിലും കൊണ്ടുപോകുന്ന സാധനങ്ങള്‍ പാക്ക് ചെയ്യാതെ കൊണ്ട് വരാന്‍ പറയണം.

4. പാക്ക് ചെയ്ത സാധനങ്ങള്‍ ആയാലും നിങ്ങള്‍ പൊട്ടിച്ച് ബോധ്യപ്പെട്ട് വീണ്ടും പാക്ക് ചെയ്യുക.
5. മരുന്ന് ആണ് പാക്കിലെങ്കില്‍ അതിന്റെ ബില്ല്, ഡോക്ടറുടെ കുറിപ്പടി എന്നിവ ഒപ്പം വയ്ക്കാന്‍ ആവശ്യപ്പെടുക.
6. ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.
7. ആയുധങ്ങളുടെ ഗണത്തില്‍ വരാവുന്ന ഒരു ഉല്പന്നവും കൊണ്ട് പോകരുത്.
8. വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവ ഒഴിവാക്കുക.
9. ഫെങ്ഷൂയി വിശ്വാസങ്ങളില്‍ ഉള്ള മുള പോലുള്ള ചെടികള്‍ എന്നിവ ഒഴിവാക്കുക.
10. അന്ധവിശ്വാസം ആകുന്ന യന്ത്രങ്ങള്‍, തകിടുകള്‍ എന്നിവ കൊണ്ട് പോകരുത്.
11. വസ്ത്രങ്ങള്‍ ആണെങ്കില്‍ അതിലെ തയ്യലുകള്‍ക്കിടയില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലന്ന് ഉറപ്പു വരുത്തുക


കടപ്പാട് : ഡെയിലി ഹെറാള്‍ഡ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ