2021, ജൂൺ 28, തിങ്കളാഴ്‌ച

കാലാവധി തീരുന്നതിന് മൂന്നു ദിവസം മുൻപ് ഇഖാമ പുതുക്കണം ?

റിയാദ് : സൗദിയിലെ സ്ഥിര താമസരേഖ (ഇഖാമ) കാലാവധി തീരുന്നതിന്റെ മൂന്ന് ദിവസം മുൻപ് പുതുക്കണമെന്ന് സൗദി പാസ്പോർട് വിഭാഗം ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. മുഴുവൻ താമസക്കാരും ഇഖാമയുടെ സാധുത നഷ്‌ടപ്പെടുന്നതിന് മുമ്പേ പുതുക്കേണ്ടതിന്റെ പ്രാധാന്യവും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷയായിരിക്കും ഫലമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ കാലാവധി തീരുന്നതിന് ശേഷവും മൂന്നു ദിവസത്തെ ഇളവ് ലഭിച്ചിരുന്നു, ഈ ആനുകൂല്യമാണ് ഇപ്പോൾ നഷ്ടമാകുന്നത്.  


ഇഖാമ പുതുക്കുന്നത് ആദ്യ തവണ ലംഘിച്ചാൽ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ ഇത് ഇരട്ടിച്ച് 1000 റിയാലും മൂന്നാമതും ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷയും ലഭിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' ആപ്ലികേഷൻ വഴിയോ 'മുഖീം' പോർട്ടൽ മുഖേനയോ ഇഖാമയുടെ കാലാവധി പരിശോധിക്കാനും പുതുക്കാനും കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു . 

ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ മുഖീം പോർട്ടലിൽ ഇഖാമ ഡെലിവറി സേവനവും ലഭ്യമാണെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ പുതുതായി ഇഷ്യു ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ സ്‌പോൺസർഷിപ് മാറുമ്പോഴോ തൊഴിൽ പരിഷ്ക്കരിക്കുമ്പോഴോ 'ഡോക്യുമെന്റ് ഡെലിവറി' സേവനം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ