2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ ?

♦️വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്.

♦️യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി.

ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ. യു.എ.ഇയുടെ അമ്പതാം വാർഷികാഘോഷ ഭാഗമായാണ് പുതിയ വിസകൾ ഉൾപ്പെടെ 50 പുതിയ പദ്ധതികളുടെ പ്രഖ്യാപനം. 

വാർത്താ സമ്മേളനത്തിൽ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അൽ സുവൈദിയാണ് പ്രഖ്യാപനം നടത്തിയത്.

നിക്ഷേപകർ, വ്യവസായ വാണിജ്യ സംരംഭകർ, മറ്റ് പ്രത്യേക വൈദഗ്ധ്യമുള്ള സംരംഭകർ എന്നിവർക്കാണ് ഗ്രീൻ വിസ അനുവദിക്കുക. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 

നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്. 

അതേസമയം സ്വതന്ത്ര ബിസിനസ് ചെയ്യുന്ന ഉടമകൾക്കും, സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഫ്രീലാൻസ് വിസ അനുവദിക്കും. 

വ്യവസായ മേഖലയുടെ വികാസം ലക്ഷ്യമിട്ട് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിന് 5 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം അനുവദിച്ചു. യു.എ.ഇ പൗരന്മാർക്ക് പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് 1.36 ബില്യൺ ഡോളർ അനുവദിക്കും. 

പ്രതിവർഷം 40 ബില്യൺ ദിർഹത്തിന്റെ മൂല്യമുള്ള 8 ആഗോള വിപണികളിൽ ആഗോള സാമ്പത്തിക കരാറിനും തുടക്കം കുറിക്കും. ടെക് ഡ്രൈവ് പദ്ധതിക്കായി മൊത്തം 5 ബില്യൺ ദിർഹം അനുവദിക്കും. 

550 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം ആഗോള നിക്ഷേപ ഉച്ചകോടി നടത്താനും യു.എ.ഇ തീരുമാനിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ