സൗദിയിൽ സ്‌പോണ്‍സര്‍മാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി ഫീസുകൾ അടക്കാതെ തന്നെ തൊഴിലാളികൾക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇത്തരം കുടിശികകൾ പഴയ സ്പോണ്‍സറുടെ പേരിൽ തന്നെ നിലനിര്‍ത്തും. തൊഴിൽ പരിവർത്തന പദ്ധതിയുടെ രണ്ടാംഘട്ട ഭേദഗതിയിലാണ് മന്ത്രാലയത്തിൻ്റെ പുതിയ പ്രഖ്യാപനം. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
സ്പോണ്‍സർമാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി തുടങ്ങിയവ അടച്ച് തീർക്കാതെ തന്നെ വിദേശ തൊഴിലാളികൾക്ക് സ്പോണ്‍സർഷിപ്പ് മാറാമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ സൗകര്യം വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ തൊഴിൽ ചട്ടങ്ങളിലെ പുതിയ പരിഷ്കാരമനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതനുസരിച്ച് സ്പോണ്‍സര്‍മാര്‍ ഇഖാമ പുതുക്കി നൽകാത്ത തൊഴിലാളികൾക്ക് സ്വന്തംനിലയിൽ തൊഴില്‍മന്ത്രാലയത്തിന്‍റെ 'ഖിവ' പോർട്ടലിൽ പ്രവേശിച്ച് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തൊഴിലാളി സ്‌പോൺസർഷിപ്പ് മാറുന്നതോടെ നേരത്തെ ഉണ്ടായിരുന്ന മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്പോൺസർ തന്നെ അടക്കേണ്ടിവരും.
സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തിന്‍റഫെ ഖിവ പോർട്ടൽ വഴി തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഖിവ പോർട്ടൽ വഴി തൊഴിലാളി ഈ അപേക്ഷ സ്വീകരിക്കുന്നതോടെ സ്പോണ്സർഷിപ്പ് മാറ്റം സാധ്യമാകും. പഴയ തൊഴിലുടമ വരുത്തിയ കുടിശ്സികഅദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഇതിനായി ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്. സ്പോണ്സർമാർ ലെവി കുടിശ്ശിക അടക്കാത്തതിനാലും ഇഖാമ പുതുക്കി നൽകാത്തതിനാലും വർഷങ്ങളായി നാട്ടിലേക്ക് പോകാനാകാതെയും തൊഴിൽ മാറാനാകാതെയും പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ