2025, മാർച്ച് 22, ശനിയാഴ്‌ച

ആരോഗ്യ ഇന്‍ഷുറന്‍സിന് അപ്രൂവല്‍ ഒഴിവാക്കാൻ നീക്കം- സൗദി ഇന്‍ഷുറന്‍സ്

ജിദ്ദ: ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ട അപ്രൂവല്‍ രീതി റദ്ദാക്കുന്നതിനെ കുറിച്ച് ഗൗരവമായി പഠനം നടത്തുന്നുണ്ടെന്ന് സൗദി ഇന്‍ഷുറന്‍സ് അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ നാജി അല്‍തമീമി പറഞ്ഞു. ഇൻഷുറൻസിനുള്ള അപ്രൂവൽ വൈകുന്നത് ഗുണഭോക്താക്കള്‍ക്ക് ദോഷം ചെയ്യും. അപ്രൂവല്‍ നിര്‍ത്തലാക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകളില്‍ അമിത വര്‍ധനയും പാഴാക്കലും ഉണ്ടാകുമെന്നും ഇത് ഇന്‍ഷുറന്‍സ് പോളിസി നിരക്കുകളെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. ഈ കാര്യത്തില്‍ എല്ലാ വശവും പരിശോധിക്കും. ഉചിതമായ തീരുമാനം എടുക്കുന്നതില്‍ ശ്രദ്ധാപൂര്‍വ്വമായ പഠനം പ്രധാന ഘടകമാണ്. അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/share/p/1ErKkp9MbV/

കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ അതോറിറ്റിക്ക് നാലു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 99 ശതമാനത്തിനും പരിഹാരം കണ്ടു. പരാതി പരിഹാര പ്രക്രിയയില്‍ ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് 95 ശതമാനം കവിഞ്ഞു. കഴിഞ്ഞ കാലയളവില്‍ അതോറിറ്റിക്ക് രണ്ടായിരത്തിലേറെ ലൈസന്‍സിംഗ്, അംഗീകാര അപേക്ഷകള്‍ ലഭിച്ചിരുന്നു. സൗദിയില്‍ ഇന്‍ഷുറന്‍സ്, ബ്രോക്കറേജ്, കണ്‍സള്‍ട്ടിംഗ്, മറ്റ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലൈസന്‍സുള്ള കമ്പനികളുടെ എണ്ണം 220 ആയി ഉയര്‍ന്നിട്ടുണ്ട്. ഏഴ് പുതിയ ഇന്‍ഷുറന്‍സ് ടെക്‌നോളജി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ആറ് വിദേശ കമ്പനികള്‍ക്ക് പ്രാഥമിക ലൈസന്‍സുകള്‍ നല്‍കി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ കമ്പനികള്‍ക്ക് അഞ്ച് അന്തിമ ലൈസന്‍സുകള്‍ അനുവദിച്ചു.

ഓരോ കമ്പനിയിലെയും ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണത്തില്‍ പരാതികളുടെ അനുപാതം വ്യക്തമാക്കുന്ന നിലക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രകടനവുമായി ബന്ധപ്പെട്ട സൂചകങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കും. സേവന ഗുണനിലവാരം മെച്ചപ്പെടുത്താനും ഉപഭോക്തൃ സംതൃപ്തി കൈവരിക്കാനും കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നും എന്‍ജിനീയര്‍ നാജി അല്‍തമീമി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ