2019, ജൂലൈ 14, ഞായറാഴ്‌ച

ജോലിക്കാർക്കും പ്രവാസികൾക്കും രണ്ട് ലക്ഷം രൂപ ലാഭിക്കാം; പാഴാക്കി കളയരുത് ഈ അവസരം



  സായുധ സേന ഒഴികെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്). എന്നാൽ മിക്ക സംസ്ഥാന സർക്കാരുകളും ഈ റിട്ടയർമെന്റ് പദ്ധതി സംസ്ഥാന തലത്തിലും എത്തിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന്, പിന്നീട് 2009 ൽ, ഈ റിട്ടയർമെന്റ് സേവിംഗ്സ് സ്കീം സമൂഹത്തിലെ എല്ലാ വിഭാ​ഗക്കാർക്കും എൻ‌ആർ‌ഐകൾക്കുപോലും ലഭ്യമാക്കി. എൻപിഎസ് പദ്ധതി വഴി രണ്ട് ലക്ഷം രൂപ വരെ നികുതി ലാഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

 എൻപിഎസ് നിക്ഷേപം 
പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ കഴിയും. റിട്ടയര്‍മെന്റിനുശേഷം, വരിക്കാരന് മൊത്തം തുകയുടെ 60 ശതമാനം ഒരുമിച്ച് ലഭിക്കും. ഇത് നികുതി രഹിതമാണ്. ബാക്കി വരുന്ന 40 ശതമാനം ഒരു സ്ഥിര വരുമാന മാർഗ്ഗം എന്ന നിലയ്ക്ക് പെൻഷനായി ഉപഭോക്താവിന് ലഭിക്കും. കൂടുതൽ ആളുകളെ എൻപിഎസിലേയ്ക്ക് ആകർഷിക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ പതിവായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.

 പിഎഫിനേക്കാൾ ലാഭം 

എൻ‌പി‌എസ് നിക്ഷേപം തിരഞ്ഞെടുത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനേക്കാൾ നേട്ടം ലഭിക്കുന്നുണ്ട്. കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നീക്കി വച്ചിരിക്കുന്ന പിഎഫിനേക്കാൾ ഉയർന്ന വരുമാനമാണ് എൻപിഎസിലൂടെ ലഭിക്കുക. കഴിഞ്ഞ 10 വർഷത്തിനിടയിൽ എൻപിഎസ് നിക്ഷേപകർക്ക് 9.1 ശതമാനം മുതൽ 9.5 ശതമാനം വരെയാണ് പലിശ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതേ കാലയളവിൽ ഇപിഎഫ്ഒ റിട്ടേൺ 8.7 ശതമാനം വരെ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ ഫണ്ടുകൾ അവരുടെ കോർപ്പസിന്റെ 15% വരെ ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ബാക്കി 85% സർക്കാർ സെക്യൂരിറ്റികളിലും കോർപ്പറേറ്റ് ബോണ്ടുകളിലും നിക്ഷേപിക്കുന്നു.

 അക്കൗണ്ടുകൾ രണ്ട് തരം 

എന്‍പിഎസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്. 18 നും 60 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസിൽ ചേരാം. എന്‍ആര്‍ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്.

 നികുതി ആനുകൂല്യങ്ങൾ

 എൻ‌പി‌എസിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ഇതാ ജീവനക്കാരുടെ സംഭാവന: ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം, ജീവനക്കാരുടെ സ്വന്തം ശമ്പളത്തിൽ നിന്നുള്ള നിക്ഷേപത്തിന് 10 ശതമാനം വരെ നികുതിയിളവിന് അർഹതയുണ്ട്. ഈ തുക 1.50 ലക്ഷം രൂപയിൽ കവിയരുത്. തൊഴിലുടമയുടെ സംഭാവന: ആദായനികുതി നിയമത്തിലെ 80 സിസിഡി (2) പ്രകാരം, തൊഴിലുടമയുടെ ശമ്പളത്തിന്റെ 10 ശതമാനം വരെ (ബേസിക് ആൻഡ് ഡിയർ‌നെസ് അലവൻസ്) നികുതിയിളവിന് അർഹതയുണ്ട്. സെക്ഷൻ 80 സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപ പരിധിക്ക് മുകളിലാണ് ഈ തുക. സ്വമേധയാ നൽകുന്ന സംഭാവന: സെക്ഷൻ 80 സിസിഡി 1 (ബി) പ്രകാരം ജീവനക്കാർക്ക് സ്വമേധയാ അധികമായി 50000 രൂപ നിക്ഷേപിക്കാം. എൻ‌പി‌എസ് ടയർ I അക്കൗണ്ടിൽ 50,000 രൂപയ്ക്കും നികുതിയിളവ് ക്ലെയിം ചെയ്യാം. 

 നേട്ടങ്ങൾ 

എൻ‌പി‌എസ് വഴി ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ വരെ സ്വയം സംഭാവനയായി ആദായനികുതി കിഴിവ് നേടാൻ ജീവനക്കാർക്ക് സാധിക്കും. തൊഴിലുടമയുടെ സംഭാവന ഒരു അധിക നേട്ടമാണ്. നികുതി ബാധ്യത കുറയ്ക്കുന്നതിനായി ക്രമേണ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്കായി  എൻ‌പി‌എസ് അവതരിപ്പിച്ച് തുടങ്ങുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ